ന്യൂഡൽഹി: പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിക്കുന്ന ‘ഷേർളി തോമസ് ആശ്വാസകിരണം’ പദ്ധതി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി ഉദ്ഘാടനം ചെയ്യും.
ഡിസംബർ എട്ടിന് എറണാകുളം ലൂർദ് ആശുപത്രിയിലാണ് ദുർബല വിഭാഗങ്ങൾക്കു സൗജന്യ നിരക്കിൽ ഡയാലിസിസിന് അവസരമൊരുക്കുന്ന പദ്ധതി ആരംഭിക്കുന്നതെന്ന് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ. വി. തോമസ് അറിയിച്ചു.
ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിൽ ഉപതലവൻ മോണ്‍. ആൻഡ്രിയ ഫ്രാൻസിയയെ സന്ദർശിച്ചശേഷമാണ് കെ.വി. തോമസ് ഇക്കാര്യം അറിയിച്ചത്. ഉന്നത നിലവാരത്തിലുള്ള രണ്ടു ഹൈടെക് ഡയാലിസിസ് യന്ത്രങ്ങൾ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ലൂർദ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇതോടൊപ്പംതന്നെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് സർജറി (സിഎബിജി) പദ്ധതിയും ആരംഭിക്കും. രണ്ടര ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ ബൈപാസ് ഗ്രാഫിറ്റി പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ആശുപത്രിയും ഒരു ലക്ഷം രൂപ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റും 50,000 രൂപ ഉപഭോക്താവും വഹിക്കും. സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ, പ്രത്യേകിച്ച് വിദ്യാർഥികളെ ഉദ്ദേശിച്ചാണു രണ്ടു പദ്ധതികളും നടപ്പാക്കുന്നത്.
ഡിസംബർ ഏഴിന് വൈകുന്നേരം ഫോർട്ടുകൊച്ചിയിൽ നടക്കുന്ന കൊച്ചി മെത്രാൻ ഫാ. ആന്റണി കാട്ടിപറന്പിലിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി പങ്കെടുക്കുമെന്നും മോണ്‍. ആൻഡ്രിയ ഫ്രാൻസിയ അറിയിച്ചു.